1. ലോകപ്രശസ്ത ആശയവിനിമയ വേദിയായ ദി ഒക്സ്ഫഡ് യൂണിയനിൽ പ്രദർശിപ്പിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമേത്?
പാഡ്മാൻ നടൻ അക്ഷയ് കുമാറിന്റെ ഭാര്യയും നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന നിർമിച്ച പാഡ്മാൻ ആർത്തവവും സ്ത്രീകളുടെ ആരോഗ്യവും പ്രമേയമാക്കുന്ന സിനിമയാണ്. ആർ.ബാൽക്കിയാണ് സംവിധാനം. ഉയർന്ന ഗുണമേന്മയിലും കുറഞ്ഞവിലയിലും ആർക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകൾ നിർമിക്കാൻ കഴിയുമെന്ന് തെളിയിച്ച കോയമ്പത്തൂരിലെ അരുണാചലം മുരുകാനന്ദന്റെ പ്രവർത്തനങ്ങളാണ് സിനിമയ്ക്ക് വിഷയമായത്. അക്ഷയ്കുമാറാണ് നായകൻ.
2. ലോക സാമ്പത്തിക ഫോറത്തിന്റെ 48-മത് വാർഷിക സമ്മേളനം എവിടെ വെച്ചാണ് ?
ദാവോസ്(സ്വിറ്റ്സർലൻഡ്) ജനുവരി 22 മുതൽ 26 വരെയാണ് ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗം. 'Creating a Shared Future in a Fractured World' എന്നാണ് ഇത്തവണത്തെ തീം. 400 സെഷനുകളിലായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 3000 ത്തോളം ലോക നേതാക്കൾ പങ്കെടുക്കും. ലോകസാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായാണ് പങ്കെടുക്കുന്നത്.
3. ഒറ്റ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ സർക്കാരിന്റെ അനുമതിയില്ലാതെ നടത്താവുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി എത്രയാക്കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്?
100 ശതമാനം ഒറ്റ ബ്രാൻഡ് ചില്ലറവിൽപ്പന മേഖലയിൽ സർക്കാർ അനുമതി വാങ്ങാതെ ഇതുവരെ നടത്താവുന്ന വിദേശ നിക്ഷേപം 49 ശതമാനമായിരുന്നു. ഇതാണ് 100 ശതമാനമാക്കിയത്. നിർമാണ മേഖലയിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്. എയർ ഇന്ത്യയിൽ 49 ശതമാനം വരെ വിദേശ നിക്ഷേപമാവാം.
4. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2017-ലെ ക്രിക്കറ്റർ ഒാഫ് ദി ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്?
വിരാട് കോലി ഏകദിന ക്രിക്കറ്റിലെ മികച്ച താരമായി ഐ.സി.സി. തിരഞ്ഞെടുത്തതും വിരാട് കോലിയെയാണ്. ഒാസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്താണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ചതാരം.ടി-ട്വന്റിയിലെ മികച്ച താരം ഇന്ത്യയുടെ യൂസവേന്ദ്ര ചഹലാണ്. എമർജിങ് ക്രിക്കറ്റർക്കുള്ള പുരസ്കാരം പാകിസ്താന്റെ ഹസൻ അലിക്കാണ്.
5. 26/11 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുംബൈ ഭീകരാക്രമണം നടന്നത് ഏത് വർഷമാണ്?
2008-ൽ 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാർഷികമാണ് 2018-ൽ. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഒാർമയ്ക്കായി മുംബൈയിലെ ഛബാദ് ഹൗസിൽ നിർമിച്ച സ്മാരകം ജനുവരി 18-ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉദ്ഘാചനം ചെയ്തു. 2008 നവംബർ 26 മുതൽ 29 വരെ നീണ്ട ഭീകരാക്രമണത്തിലും സൈനിക ഒാപ്പറേഷനിലുമായി 164 പേർ മരിച്ചിരുന്നു.
6. അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം ഏത് രംഗത്തെ മികവിനുള്ളതാണ്?
നാടകം നാടകരംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി നൽകുന്ന പുരസ്കാരമാണ് അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. 2018-ലെ പുരസ്കാരം സംവിധായകനും എഴുത്തുകാരനുമായ ഗിരീഷ് കാർണാടിന് ലഭിച്ചു.
7. വജ്രപ്രഹർ 2018 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ്?
അമേരിക്ക ഇന്ത്യൻ കരസേനയുടെ ദക്ഷിണ കമാൻഡിൽനിന്നുള്ള 45 അംഗങ്ങളാണ് വജ്രപ്രഹറിൽ അമേരിക്കൻ സൈനികർക്കൊപ്പം പരിശീലിക്കുന്നത്. 2010-ലാണ് ഈ സംയുക്ത പരിശീലനത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം 2012 മുതൽ 15 വരെപരിശീലനം നടന്നിരുന്നില്ല. 2017-ൽ ഇന്ത്യയിൽ ജോധ്പുരിൽ വെച്ചായിരുന്നു പരിശീലനം. ഇത്തവണ അമേരിക്കയിലെ സീറ്റിലിൽവെച്ചാണ് വജ്രപ്രഹർ നടക്കുന്നത്.
8. ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാജവാർത്താ പുരസ്കാരം പ്രഖ്യാപിച്ചത് ഏത് നൊബേൽ സമ്മാന ജേതാവിനാണ്?
പോൾ ക്രൂഗ്മാൻ 2008-ൽ ഇക്കണോമിക്സിൽ നൊബേൽ നേടിയ പോൾ ക്രൂഗ്മാൻ ട്രംപിനെ വിമർശിച്ച് ലേഖനങ്ങളെഴുതിയതിന്റെ പേരിലാണ് വ്യാജവാർത്തയ്ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിന് നൽകുന്നതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. എബിസി ന്യൂസിലെ ബ്രയാൻ ന്യൂസിനാണ് വ്യാജവാർത്തക്കാരുടെ പട്ടികയിൽ ട്രംപ് രണ്ടാം സ്ഥാനം നൽകിയിട്ടുള്ളത്.
9. സുപ്രിം കോടതിയിലെ പുതിയ ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്ന ഇന്ദു മൽഹോത്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
സുപ്രിംകോടതി ജഡ്ജിയായി ശുപാർശ ചെയ്യപ്പെടുന്ന ആദ്യ അഭിഭാഷക സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയെയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിനെയുമാണ് കൊളീജിയം സുപ്രിം കോടതിയിലെ പുതിയ ജഡ്മിമാരായി ശുപാർശ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു അഭിഭാഷക നേരിട്ട് സുപ്രിംകോടതിയിൽ ജഡ്ജിയാവുന്നത്. ബാംഗ്ലൂർ സ്വദേശിയാണ്.
10. ഡൽഹിയിലെ തീൻമൂർത്തി ചൗക്കിന്റെ പേരിനൊപ്പം ചേർത്ത ഹൈഫ എന്ന പേര് ഏത് രാജ്യത്തെ നഗരത്തിന്റേതാണ്?
ഇസ്രായേൽ ഇസ്രായേലിലെ ചരിത്രപ്രസിദ്ധ നഗരമാണ് ഹൈഫ. 400 വർഷത്തോളം ഈ നഗരം തുർക്കിയുടെ അധീനതയിലായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അന്നത്തെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ പട്ടാളക്കാർ നടത്തിയ പോരാട്ടത്തിലൂടെയാണ് ഈ നഗരം മോചിപ്പിച്ചത്. ഇതിന്റെ സ്മരണയ്ക്കായാണ് ഈ നഗരത്തിന്റെ പേര് തീൻമൂർത്തി ചൗക്കിനൊപ്പം ചേർത്തത്. തീൻമൂർത്തി ഹൈഫ ചൗക്ക് എന്നാണ് പുതിയ പേര്.