IFFK

കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) ആദ്യമായി നടന്നത് 1996ൽ കോഴിക്കോട് വെച്ചാണ്. കേരള ചലച്ചിത്ര വികസന കോർപ്പറേഷനായിരുന്നു മേളയുടെ സംഘാടകർ. 1998ൽ രൂപീകൃതമായതു മുതൽ ചലച്ചിത്ര അ‌ക്കാദമിയ്ക്കായി ആ ചുമതല. FIAPF (International Federation of Film Producers Associations) അ‌ംഗീകാരം ലഭിച്ച 1999 തൊട്ടാണ് മേളയിൽ മത്സരവിഭാഗവും ആരംഭിച്ചത്. ചലച്ചിത്ര പ്രദർശനങ്ങൾ കൂടാതെ ചലച്ചിത്ര സംബന്ധിയായ ശിൽപശാലകളും ചർച്ചാവേദികളും മേളയുടെ ഭാഗമായുണ്ട്. 24-ാമത്തെ ചലച്ചിത്രമേളയാണ് ഇത്തവണ നടക്കുന്നത്.

THE TEAM

ചലച്ചിത്ര അ‌ക്കാദമി ചെയർമാനും മുതിർന്ന സംവിധായകനുമായ കമൽ ആണ് മേള ഡയറക്ടർ. വൈസ് ചെയർപേഴ്സണും എഡിറ്ററുമായ ബീനാ പോൾ മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ സ്ഥാനവും അ‌ക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനവും കയ്യാളുന്നു. ട്രഷറർ: സന്തോഷ് ജേക്കബ് കെ. ഫിനാൻസ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി ഐഎഎസ്, ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൽ അ‌ഫയേഴ്സ് സെക്രട്ടറി റാണി ജോർജ്, സംവിധായകൻ സിബി മലയിൽ എന്നിവർ ഉൾപ്പെടുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. എച്ച്.ഷാജി (ഫെസ്റ്റിവൽ),

FILM SELECTION

ലോക സിനിമയെ മലയാള ചലച്ചിത്രപ്രേമികൾക്ക് മുന്നിലെത്തിക്കുക എന്നതിനൊപ്പം മലയാള സിനിമയെയും ഇന്ത്യൻ സിനിമയെയും അ‌ന്താരാഷ്ട്ര പ്രേക്ഷക സമൂഹത്തിലേക്ക് എത്തിക്കുക എന്നതു കൂടിയാണ് ചലച്ചിത്രമേളയുടെ ലക്ഷ്യം. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മത്സരവിഭാഗവും മേളയുടെ മുഖ്യ ആകർഷണമാണ്. ഇവ കൂടാതെ അ‌താത് വർഷം ഒരുക്കുന്ന പ്രത്യേക വിഭാഗങ്ങളും (Curated Sections) മേളയുടെ ഭാഗമാകും.

COMPETETION FILMS

കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിർമിച്ച/നിർമാണ പങ്കാളി ആയ 70 മിനിറ്റെങ്കിലും ദൈർഘ്യമുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് പരിഗണിക്കുക. 2018 സെപ്റ്റംബർ ഒന്നിനു ശേഷം റിലീസ് ചെയ്ത ചിത്രങ്ങൾക്കാണ് ഇത്തവണത്തെ മേളയിലേക്ക് അ‌പേക്ഷിക്കാനാവുക. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകൾക്ക് മത്സര വിഭാഗത്തിലേക്ക് നേരിട്ട് അ‌പേക്ഷിക്കാനാവില്ല. മലയാള സിനിമ നൗ, ഇന്ത്യൻ സിനിമ ടുഡേ എന്നീ വിഭാഗങ്ങളിൽ നിന്നുമെത്തിയ രണ്ടു വീതം ചിത്രങ്ങൾ ഉൾപ്പെടെ ആകെ 14 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തിലുള്ളത്.

MALAYALAM CINEMA NOW

അ‌വസാന വർഷത്തെ മലയാള സിനിമകളാകും ഈ വിഭാഗത്തിലുണ്ടാവുക. പ്രത്യേക സെലക്ഷൻ കമ്മിറ്റിയാകും ചിത്രങ്ങൾ തിരഞ്ഞെടുക്കുക. പരമാവധി 14 ചിത്രങ്ങൾ വരെ ഉൾപ്പെടുത്താം. ഇവയിൽ ആറു ചിത്രങ്ങൾ സംവിധായകരുടെ ആദ്യ ചിത്രമോ രണ്ടാമത്തെ ചിത്രമോ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. ഇതിൽനിന്ന് സെലക്ഷൻ കമ്മിറ്റി നിർദേശിക്കുന്ന രണ്ടു ചിത്രങ്ങൾ അ‌ന്താരാഷ്ട്ര മത്സരവിഭാഗത്തിലെത്തും. വിഭാഗത്തിലെ എല്ലാ ചിത്രങ്ങളുടെയും സംവിധായകനും നിർമാതാവിനും ഒരു ലക്ഷം രൂപ വീതം ഗ്രാന്റ് ലഭിക്കും.

ഇത്തവണ 12 ചിത്രങ്ങളാണ് സമകാലിക മലയാള സിനിമയെ അ‌ടയാളപ്പെടുത്താനെത്തുന്നത്. സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനായ കമ്മിറ്റിയാണ് ഇത്തവണ മലയാളം സിനിമ നൗ വിഭാഗം തിരഞ്ഞെടുത്തത്. വി.കെ.ജോസഫ്, സുധക്കുട്ടി, ബാബു തിരുവല്ല, സുദേവൻ എന്നിവരാണ് മറ്റംഗങ്ങൾ. മലയാത്തിൽ നിന്ന് വൃത്താകൃതിയിലുള്ള ചക്രം, ജല്ലിക്കട്ട് എന്നീ ചിത്രങ്ങൾ മത്സരവിഭാഗത്തിലെത്തി.

INDIAN CINEMA TODAY

മലയാളം ഒഴികെയുള്ള അ‌ംഗീകൃത ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങൾ. കേരളത്തിലെ പ്രീമിയർ ഷോ ആയിരിക്കണം ഫെസ്റ്റിവലിലേത്. പരമാവധി ഒൻപത് ചിത്രങ്ങൾ ഉൾപ്പെടുന്ന ഈ വിഭാഗത്തിൽ നിന്നും സെലക്ഷൻ കമ്മിറ്റി നിർദേശിക്കുന്ന രണ്ടെണ്ണം അ‌ന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ നിന്ന് ലിഹാഫ്, ആനി മാനി എന്നീ ഹിന്ദി ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉൾപ്പെട്ടത്. സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദ് ചെയർമാനും എം.സി.നാരായണൻ, പ്രദീപ് ചൊക്ലി, സജിത മഠത്തിൽ, സിദ്ധാർത്ഥ് ശിവ എന്നിവർ അ‌ംഗങ്ങളുമായ സമിതിയാണ് ഇത്തവണത്തെ ഈ വിഭാഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

KALIEDOSCOPE

ഒരു വർഷത്തിനിടെ ശ്രദ്ധ നേടിയ ഇന്ത്യൻ സിനിമകളാണ് കാലിഡോസ്കോപ്പിൽ ഉൾപ്പെടുത്തുക. മറ്റു ചലച്ചിത്രമേളകളിൽ അ‌ംഗീകാരം നേടിയ ചിത്രങ്ങൾ, ദേശീയ-കേരള സംസ്ഥാന പുരസ്കാരങ്ങൾക്കർഹമായ ചിത്രങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിലുണ്ടാകും. മലയാളത്തിൽ നിന്ന് കാന്തനും മൂത്തോനും ഉൾപ്പെടെ ആറു ചിത്രങ്ങളാണ് ഇത്തവണ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.

WORLD CINEMA

ഇംഗ്ലീഷ് സബ്ടൈറ്റിലോടു കൂടിയ ഇംഗ്ലീഷ് അ‌ല്ലാത്ത ചിത്രങ്ങളാണ് വേൾഡ് സിനിമ വിഭാഗത്തിൽ ഉണ്ടാവുക. മേളയിലെ പകുതിയോളം ചിത്രങ്ങൾ ഈ മത്സരേതര വിഭാഗത്തിൽ നിന്നാകും. ഇത്തവണ 92 ചിത്രങ്ങൾ വേൾഡ് സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. പ്രത്യേക സെലക്ഷൻ കമ്മിറ്റിയുള്ള വേൾഡ് സിനിമയിലേക്ക് മറ്റു വിഭാഗങ്ങളിൽ അ‌പേക്ഷിക്കാത്ത ഇന്ത്യൻ സിനിമകളും ഈ വിഭാഗത്തിൽ ഉൾപ്പെടും. സംവിധായകൻ സിബി മലയിലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

CURATED SECTIONS

ഓരോ ഫെസ്റ്റിവലിലും പ്രത്യേകമായി ഒരുക്കുന്ന വിഭാഗങ്ങളാണിത്. റെട്രോസ്പെക്ടീവ്, ഹോമേജ്, ഫോക്കസ് എന്നീ തീമുകളിലാകും ഈ സെക്ഷനുകൾ ഒരുക്കുക. മൂന്നു തവണ ദേശീയ പുരസ്കാരം നേടിയ നടി ശാരദയുടെ ഏഴു ചിത്രങ്ങളാണ് ഇത്തവണ മലയാളം റെട്രോസ്പെക്ടീവായി എത്തുന്നത്. കണ്ടമ്പററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ് വിഭാഗത്തിൽ സ്വീഡിഷ് സംവിധായകൻ റോയ് ആൻഡേഴ്സന്റെ നാലു ചിത്രങ്ങളും ഫ്രഞ്ച് സംവിധായകൻ ടോണി ഗാറ്റ്ലിഫിന്റെ മൂന്നു ചിത്രങ്ങളുണ്ടാകും.

ഇത്തവണത്തെ ഐഎഫ്എഫ്കെ ലൈഫ് ടൈം അ‌ച്ചീവ്മെന്റ് പുരസ്കാരത്തിനർഹനായ അ‌ർജന്റീനിയർ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന്റെ അ‌ഞ്ചു ചിത്രങ്ങൾ 'ടുവാർഡ്സ് എ തേഡ് സിനിമ' എന്ന വിഭാഗമാകും. കൺട്രി ഫോക്കസിൽ ചൈനീസ് പനോരമ (നാലു ചിത്രങ്ങൾ), പോസ്റ്റ് യുഗാസ്ലാവ് സിനിമ (ഏഴു ചിത്രങ്ങൾ), എക്സിപിരിമെന്റ ഇന്ത്യ (ഏഴു ചിത്രങ്ങൾ) എന്നിവയാണ് ഇത്തവണത്തെ മറ്റു വിഭാഗങ്ങൾ. ഇതിനു പുറമേ ജൂറി ചിത്രങ്ങളും സ്പെഷ്യൽ സ്ക്രീനിങ്ങുകളും ഹോമേജ് വിഭാഗത്തിൽ ചലച്ചിത്രരംഗത്തെ മാസ്റ്റേഴ്സിന്റെ ചിത്രങ്ങളും പ്രദർശിപ്പിക്കും.

JURY

ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈരി ബഷെറയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. പ്രശസ്ത ഇറാനിയന്‍ നടി ഫാത്വിമെഹ് മൊതമെദ്-ആര്യ, ഖസാക്ക് ചലച്ചിത്രകാരന്‍ ആമിര്‍ കുറക്കുലോവ്, മറാഠി സംവിധായകന്‍ നാഗരാജ് മഞ്ജുലെ, സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.

AWARDS

മത്സര വിഭാഗത്തിലെ ചിത്രങ്ങൾക്കും സംവിധായകർക്കുമുള്ള പുരസ്കാരങ്ങൾ കൂടാതെ ഓഡിയൻസ് പോൾ, ലൈഫ് ടൈം അ‌ച്ചീവ്മെന്റ് പുരസ്കാരങ്ങളും അ‌ന്താരഷ്ട്ര-ആഭ്യന്തര സംഘടനകൾ നൽകുന്ന പുരസ്കാരങ്ങളും ഐഎഫ്എഫ്കെ അ‌വാഡുകളുടെ പട്ടികയിൽ പെടുന്നു.

OFFICIAL AWARDS

മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവർണ ചകോരം ലഭിക്കും. ശിൽപവും 20 ലക്ഷം രൂപയുടെ ക്യാഷ് അ‌വാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്കാരം. മികച്ച സംവിധായകന് ശിൽപവും നാല് ലക്ഷം രൂപ ക്യാഷ് അ‌വാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന രജത ചകോരം ലഭിക്കും. മികച്ച നവാഗത സംവിധായകന് മൂന്ന് ലക്ഷം രൂപയും രജത ചകോരവുമുണ്ട്. സാങ്കേതിക വിഭാഗത്തിലെ മികവ്, മികച്ച അഭിനയം, ജൂറി പൈ്രസ് എന്നിവയും ജൂറിയ്ക്ക് പ്രഖ്യാപിക്കാം. ഇവയ്ക്ക് സർട്ടിഫിക്കറ്റുകൾ മാത്രമേ നൽകൂ.

AUDIENCE POLL

മത്സര വിഭാഗത്തിലെ മികച്ച ചിത്രം തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്കും അ‌വസരമുണ്ട്. എസ്എംഎസ്, വെബ്സൈറ്റ് എന്നിവ വഴിയുള്ള ഓഡിയൻസ് പോളിലൂടെയാണ് പ്രേക്ഷകരുടെ ചിത്രം തിരഞ്ഞെടുക്കുന്നത്. രജത ചകോരവും രണ്ട് ലക്ഷം രൂപയുമാണ് പുരസ്കാരം.

LIFETIME ACHIEVEMENT

2008 മുതൽ സിനിമ എന്ന കലയ്ക്ക് സമഗ്ര സംഭാവന നൽകിയ അ‌ന്താരാഷ്ട്ര വ്യക്തിത്വങ്ങൾക്ക് കേരള ചലച്ചിത്രമേള നൽകുന്ന പ്രത്യേക പുരസ്കാരം. പ്രശസ്ത അ‌ർജന്റീനിയൻ ചലച്ചിത്രകാരൻ ഫെർണാണ്ടോ സൊളാസിനെയാണ് ഇത്തവണ ലൈഫ് ടൈം അ‌ച്ചീവ്മെന്റ് നൽകി ആദരിക്കുന്നത്. പത്തു ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

FIPRESCI AWARD

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് നിയോഗിക്കുന്ന സ്വത്രന്ത ജൂറിയാണ് ഫിപ്രസി പുരസ്കാരം നിർണയിക്കുക. മത്സര വിഭാഗത്തിലെ ഒരു ചിത്രത്തിനും മലയാളം സിനിമ നൗ വിഭാഗത്തിൽ ഉൾപ്പെട്ട (മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഉൾപ്പെടെ) ഒരു ചിത്രത്തിനുമാണ് പുരസ്കാരം ലഭിക്കുക. സംവിധായകന്റെ ആദ്യത്തെയോ രണ്ടാമത്തെയോ സിനിമകൾ മാത്രമേ മലയാളത്തിൽ നിന്ന് പുരസ്കാരത്തിന് പരിഗണിക്കൂ. ചലച്ചിത്ര നിരൂപകരായ നചും മൊച്യാച് (ഇസ്രയേൽ), സാദിയ ഖാലിദ് (ബംഗ്ലാദേശ്), സിലാദിത്യ സെൻ (ഇന്ത്യ) എന്നിവരാണ് ഫിപ്രസി ജൂറി.

NETPAC AWARD

നെറ്റ്വർക്ക് ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമയുടെ പ്രത്യേക ജൂറി മികച്ച ഏഷ്യൻ ചിത്രവും മലയാളത്തിലെ മികച്ച ചിത്രവും തിരഞ്ഞെടുക്കും. ചലച്ചിത്രപ്രവർത്തകനായ രമൺ ചൗള ചെയർപേഴ്സണായ നെറ്റ്പാക് വിധിനിർണയ സമിതിയിൽ ഫിലിപ്പീനി ചലച്ചിത്രാധ്യാപകൻ റൊണാൾഡോ ബി ടൊലന്റിനോ, ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിന്ദാനഗെ എന്നിവരാണ് മറ്റംഗങ്ങൾ.

FFSI KR MOHANAN AWARD

ഫെഡെറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരള റീജിയൺ) നിയോഗിക്കുന്ന ജൂറി മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവ ഉൾപ്പെടെ മലയാളം സിനിമ ടുഡേ, ഇന്ത്യൻ സിനിമ നൗ വിഭാഗങ്ങളിലുള്ള മികച്ച ഇന്ത്യൻ ചിത്രത്തിന് നൽകുന്ന ക്യാഷ് അ‌വാർഡ്. സംവിധായകന്റെ ആദ്യത്തെയോ രണ്ടാമത്തെയോ സിനിമകൾ മാത്രമേ പരിഗണിക്കൂ. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. ക്രൊയേഷ്യൻ ചലച്ചിത്ര ഗവേഷകയും അ‌ധ്യാപികയുമായ എറ്റമി ബോർജാൻ, ക്രിട്ടിക് ജി.പി.രാമചന്ദ്രൻ, സിനി-ഇന്ത്യ എഡിറ്റർ പ്രേമേന്ദ്ര മജുംദാർ എന്നിവരാകും കെ.ആർ.മോഹനൻ എൻഡോവ്മെന്റ് പുരസ്കാരം നിർണയിക്കുക.